കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ഡോ. റാമിനെ പോലീസ് അറസ്റ്റ് ചെയ്യാത്തതെന്തെന്നു ഹൈക്കോടതി. സുപ്രീംകോടതി അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയിട്ടും അറസ്റ്റ് ചെയ്തതായി അറിഞ്ഞില്ല.
പോലീസ് ഇത്തരം കാര്യങ്ങളില്‍ ഇരട്ട നിലപാട് സ്വീകരിക്കുന്നതെന്താണ്. ഇങ്ങനെയുള്ള പോലീസിനെക്കൊണ്ട് എങ്ങനെയാണു നീതി നടപ്പാക്കാനാകുക. അന്വേഷണ ഉദ്യോഗസ്ഥന് തന്നെ ഡോ. റാമിനെ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുകയാണെന്ന് കരുതേണ്ടിവരുമെന്നും ജസ്റ്റീസ് എ. ബദറുദ്ദീന്‍ വാക്കാല്‍ നിരീക്ഷിച്ചു.
അധികൃത നിയമനവുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യത്തില്‍ നിരീക്ഷണം നടത്തിയത്. നേരത്തേ റാമിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയും തള്ളിയിരുന്നു.